മുത്തലാഖ് ചൊല്ലി, പിന്നീട് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് ബലാത്സം​ഗം ചെയ്തു

0
220

ലഖ്നൗ: യുവതിയെ ‘മുത്തലാഖ്’ ചൊല്ലിയ ശേഷം ഭർത്താവും സഹോദരനും ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ഒരു മതപുരോഹിതൻ ഉൾപ്പടെ നിരവധി പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ആറ് പേർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

സൽമാൻ എന്ന വ്യക്തി അഞ്ചുവർഷം മുമ്പ് തന്നെ വിവാഹം ചെയ്തതാണെന്ന് യുവതി പരാതിയിൽ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇയാൾ മുത്തലാഖ് ചൊല്ലി യുവതിയെ ഒഴിവാക്കി. (ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്). ​ഗുദ്ദു ഹാജി എന്ന മതപുരോഹിതന്റെ നിർ​ദ്ദേശപ്രകാരം പുതിയൊരു ഉപാധി സൽമാൻ മുന്നോട്ടുവച്ചു. തന്റെ ഇളയ സഹോദരനെ വിവാഹം ചെയ്ത് മൊഴിചൊല്ലുകയാണെങ്കിൽ വീണ്ടും വിവാഹം ചെയ്യാമെന്നായിരുന്നു ഉപാധി. എന്തായാലും സൽമാൻ പറഞ്ഞതുപോലെ യുവതി അയാളുടെ സഹോദരനെ വിവാഹം ചെയ്തു. എന്നാൽ, യുവതിയെ മൊഴിചൊല്ലാൻ ഇയാൾ തയ്യാറായില്ല. തുടർന്നാണ് ഇരുവരും ചേർന്ന് തന്നെ നിരന്തരം ബലാത്സം​ഗം ചെയ്തതെന്നും യുവതി പരാതിയിൽ പറയുന്നു.

യുവതി നേരിട്ട് കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതി നിർ​ദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  വിവിധ വകുപ്പുകൾ ചുമത്തി സൽമാൻ, സഹോദരൻ ഇസ്ലാം, ​ഗുദ്ദു ഹാജി എന്നിവർക്കും മറ്റ് മൂന്ന് കുടുംബാം​ഗങ്ങൾക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here