മുംബൈ: വെള്ളിയാഴ്ച മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 61 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 32 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണവുമായെത്തിയ അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം രൂപയുടെ സ്വര്‍ണം പിടിച്ചെടുക്കുന്നത്.
ആദ്യപരിശോധനയില്‍ താന്‍സാനിയയില്‍ നിന്നെത്തിയ നാല് പേരില്‍നിന്നാണ് ഒരു കിലോഗ്രാമിന്റെ സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. ഒന്നിലധികം അറകളോടുകൂടിയ പ്രത്യേകമായി രൂപകല്‍പന ചെയ്ത ബെല്‍റ്റിലായിരുന്നു ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. 53 കിലോഗ്രാം വരുന്ന യുഎഇ നിര്‍മിത സ്വര്‍ണക്കട്ടികള്‍ക്ക് 28.17 കോടിരൂപ വിലവരും. ഇത് ബെല്‍റ്റിലാക്കി ശരീരത്തില്‍ അണിഞ്ഞാണ് യാത്രക്കാര്‍ സ്വര്‍ണക്കടത്തിന് ശ്രമിച്ചത്.
യാത്രാസമയത്ത് ദോഹ വിമാനത്താവളത്തില്‍ വെച്ച് ഒരു സുഡാന്‍ പൗരനാണ് ഈ ബെല്‍റ്റുകള്‍ യാത്രക്കാര്‍ക്ക് കൈമാറിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
3.88 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാം സ്വര്‍ണം ദുബായില്‍നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍നിന്നാണ് പിടിച്ചെടുത്തത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. സ്വര്‍ണം പൊടിയാക്കി വാക്‌സ് രൂപത്തില്‍ ജീന്‍സിന്റെ അരഭാഗത്തായായിരുന്നു ഇവര്‍ സ്വർണം കടത്താന്‍ ശ്രമിച്ചത്. ഇവരേയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു.