ബാബറി മസ്ജിദ്: അദ്വാനി ഉള്‍പ്പെടെ 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

0
152

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32 പേരെ കുറ്റവിമുക്തരാക്കിയ പ്രക്യേക കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലാണ് ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോജ് യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കളുള്‍പ്പെടെ 32 പേരെ കുറ്റവിമുക്തരാക്കിയാണ് 2020 സെപ്റ്റംബര്‍ 30-ന് പ്രത്യേക കോടതി ജഡ്ജി എസ്. കെ. യാദവ് വിധി പ്രഖാപിച്ചത്. ഇതിനെതിരെയാണ് അയോധ്യ നിവാസികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സെയ്ദ് അഖ്‌ലഖ് അഹമ്മദ് എന്നിവർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുന്‍കൂറായി തയ്യാറാക്കിയ പദ്ധതിയോ ക്രിമിനല്‍ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക കോടതി 32 പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ സംഭവത്തിന് തങ്ങള്‍ ദൃക്‌സാക്ഷികള്‍ മാത്രമല്ല ബാബറി മസ്ജിദ് തകര്‍പ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ വീടുകള്‍ നശിപ്പിക്കപ്പെട്ടതുള്‍പ്പെടെ വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വന്നതായും രണ്ടാം ഹര്‍ജിക്കാരന്‍ അപ്പീലിലൂടെ കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ അന്വേഷണ ഏജന്‍സിയുടേയോ പോലീസിന്റേയോ സര്‍ക്കാരിന്റേയോ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here