പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കും- കേന്ദ്രം

0
157

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ഈ ക്രമീകരണം ഒരുക്കുകയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് വോട്ട് അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി.

പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ ആണ് 2014 ൽ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. തുടർന്ന് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് പ്രോക്‌സി വോട്ടിങ് ഏർപ്പെടുത്താമെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

പ്രവാസി വോട്ട് യാഥാർഥ്യം ആക്കുന്നതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതിക്ക് തീരുമാനം ആയതായി സർക്കാർ 2017ൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും, രാജ്യസഭയിൽ അവതരിപ്പിക്കാത്തതിനാല്‍ കാലഹരണപ്പെട്ടു. ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാരിനോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പാർലമെന്റിന്റെ അധികാരത്തിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പ്രവാസി വോട്ട് അവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് ഷംഷീർ വയലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. എന്നാൽ ഡോ. ഷംസീര്‍ വയലില്‍ ഉൾപ്പടെ ഫയൽ ചെയ്ത ഹർജികൾ കാരണം ഈ വിഷയം സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും സജീവ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതായി ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here