പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി; ഇനി ജിദ്ദയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറക്കാം

0
206

റിയാദ്: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായി. ഞായറാഴ്ച്ച രാവിലെ ആറോടെ ജിദ്ദയില്‍നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 798 വിമാനം ഫുൾ ബോർഡിൽ 172 യാത്രക്കാരുമായി ഉച്ചക്ക് 2.09ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.

ആദ്യ സർവീസിനെ കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതർ സ്വീകരിച്ചത്. യാത്രക്കാരുടെ വേഗത്തിലുള്ള എമിഗ്രേഷൻ ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമ സ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 799 വിമാനം 172 യാത്രക്കാരുമായി ഉച്ചക്ക് 1.35-ന് ജിദ്ദയിൽ ഇറങ്ങി.

കണ്ണൂർ – ജിദ്ദ വിമാനത്തിലെ ആദ്യ യാത്രക്കാരിൽ കൂടുതല്‍ പേരും ഉംറ തീർഥാടകരായിരുന്നു. ജിദ്ദയിലും പരിസരങ്ങളിലുമുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂർ – ജിദ്ദ നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായത്. നിലവിൽ ഞായറാഴ്ച്ച മാത്രമാണ് ഇരു ഭാഗത്തേക്കുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവിസുകൾ.

സൗദി എയർലൈൻസിന്റെ 780 സർവീസുകൾ പുതിയതായി ഷെഡ്യൂള്‍ ചെയ്തു
റിയാദ്: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കായിക പ്രേമികളെ സൗദിയിൽനിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈൻസ് (സൗദിയ) 780 ലധികം വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തു.

റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ദോഹയിലേക്കും തിരിച്ചും സർവിസ് നടത്തുക. ഇത്രയും സർവീസുകളിലായി 2,54,000 സീറ്റുകളുണ്ടാകും. ലോകകപ്പിന് കായികപ്രേമികളെ എത്തിക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും സൗദിയ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനും ഖത്തറിനും സർവിസ് നടത്തുന്നതിന് വേണ്ട എല്ലാ തയാറെടുപ്പുകളുമാണ് പൂർത്തിയായിട്ടുള്ളത്.

ടൂർണമെൻറ് കാലയളവിലുടനീളം ദിവസേനയുള്ള പതിവ് സർവിസുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയാറാക്കിയിരിക്കുന്നത്. സൗദി ദേശീയ ടീമിനും ഫുട്ബാൾ ആരാധകർക്കുമുള്ള ‘സൗദിയ’യുടെ പിന്തുണയാണിത്. ഹോട്ടലുകളിൽ താമസിക്കേണ്ട ആവശ്യമില്ലാതെ ദോഹയിൽ യഥാസമയം പോയിവരാനുള്ള സൗകര്യമാണ് ദേശീയ വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here