പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടത് 3171 പേര്‍; ജയിലില്‍ പോയത് 14 പേര്‍ മാത്രം

0
223

മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാകുന്നത്.

2012 മുതല്‍ 2022 വരെ ആകെ 3,171 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 2013-ല്‍ നാലുപേരും 2015-ല്‍ രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്വര്‍ണക്കടത്ത് മാഫിയയുടെ തന്ത്രപരമായ നീക്കമാണ് ഇതിനുപിന്നില്‍. ഒരു കോടി രൂപയില്‍ത്താഴെ വിലമതിക്കുന്ന സ്വര്‍ണം കടത്തിയാല്‍ വിചാരണനടപടികള്‍ ഒഴിവാക്കുകയാണ് കസ്റ്റംസ് വിഭാഗത്തിന്റെ രീതി. സ്വര്‍ണം കണ്ടുകെട്ടും. പിഴയും ചുമത്തും. വിചാരണയില്ലാത്തതിനാല്‍ ജയില്‍ശിക്ഷ ഉണ്ടാകില്ല. ഇതറിയുന്ന കടത്തുകാരും പിന്നണിപ്രവര്‍ത്തകരും 99 ലക്ഷം രൂപ വരെ മാത്രം വില വരുന്ന സ്വര്‍ണം കൊടുത്തുവിടാന്‍ ശ്രദ്ധിക്കും.

കൊച്ചി ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ 2012 മുതല്‍ 2022 വരെ 1618.55 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടു. തിരുവനന്തപുരം- 233.37 കിലോഗ്രാം, കോഴിക്കോട് -1205.21 കിലോഗ്രാം, കണ്ണൂര്‍ (2019 മുതല്‍ 22 വരെ)-179.97 കിലോഗ്രാം എന്നിങ്ങനെ. റോഡ് മാര്‍ഗം കടത്തിയ 276.22 കിലോഗ്രാം വേറെയും പിടിച്ചു. പക്ഷെ കടത്തുകാരില്‍ മഹാഭൂരിപക്ഷവും അകത്തായില്ല. കാരണം കടത്ത് അധികവും ഒരുകോടിക്ക് താഴെ.

ഏതാനും മാസംമുന്‍പ് കരിപ്പൂരില്‍ നൂറോളം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രി മുഴുവന്‍ ഇരുന്ന് 35 വിമാനങ്ങളിലായി വന്ന രണ്ടായിരത്തോളം യാത്രക്കാരെ പരിശോധിച്ചു. ഇതില്‍ 287 യാത്രക്കാരില്‍നിന്ന് പിടികൂടിയത് 22 കിലോഗ്രാം സ്വര്‍ണം-ഒരാള്‍ ശരാശരി 76 ഗ്രാം വീതം മാത്രം. ശരാശരി ഒരാള്‍ കടത്തിയത് 30 ലക്ഷത്തോളം രൂപയുടെ മാത്രം.

വിദേശത്തുപോയി ആറുമാസത്തിനുള്ളില്‍ മടങ്ങിവരുന്നവര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് 41.25 ശതമാനം നികുതി കെട്ടണമെന്നാണ് ചട്ടം. ആറുമാസം കഴിഞ്ഞാല്‍ 15 ശതമാനം മതി. അതിനാല്‍ സ്വര്‍ണം കൊടുത്തുവിടുന്നവര്‍ ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയവരെ കണ്ടുപിടിക്കും.

ഒന്നിലേറെത്തവണ പിടിക്കപ്പെടുകയാണെങ്കില്‍ ചെറിയ തുകയ്ക്കുള്ള സ്വര്‍ണം കടത്തിയവരെയും വിചാരണചെയ്യാം. അതുകൊണ്ട് ഒരുതവണ പിടിക്കപ്പെട്ടവരെ രണ്ടാമത് കടത്തിന് ഉപയോഗിക്കാതിരിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കും.പുതിയ ആളുകള്‍ നിത്യേനയെന്നോണം രംഗത്തുവരുന്നത് അതുകൊണ്ടാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here