‘നെയ്മറെ’യും പിന്തള്ളി ‘സിആര്‍ 7’; ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച ക്രിസ്റ്റ്യാനോ കട്ടൌട്ടിന് ചെലവ് അരലക്ഷം

0
214

കോഴിക്കോട്: കാൽപന്തുകളി മാമാങ്കം  വരുന്നതിന്‍റെ ആവേശം എവിടെയും ആരാധകമനസുകളെ വാനോളം ഉയർത്തുകയാണ്. ഇതിനിടയില്‍ ആരാധകപോര് മുറുകുന്ന കാഴ്ചകളാണ് കോഴിക്കോട് നിന്നുമെത്തുന്നത്. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടേയും നെയ്മറിന്‍റേയും ഭീമന്‍ കട്ടൌട്ടുകള്‍ വന്നതിന് പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൌട്ടുമായി ആരാധകര്‍.

താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കൂട്ടായ്മയായ സി.ആർ.7 പരപ്പൻപൊയിലാണ് ഭീമൻ കട്ടൗട്ടിന് പിന്നില്‍. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് പരപ്പൻപൊയിൽ അങ്ങാടിയിൽ രാരോത്ത് ഗവ.ഹൈസ്ക്കൂളിന് സമീപത്തായാണ് ഭീമൻ കട്ടൗട്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉയർത്തിയത്. നൂറോളം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കൊപ്പം നാട്ടുകാരും ചേർന്നായിരുന്നു ഇത്. ക്രെയിൻ ഉപയോഗിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് ഉയർത്തിയത്.

ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയാണ് വലിയ കട്ടൗട്ട് തലയുയർത്തി നിൽക്കുന്നത്. സ്റ്റിക്കർ, പ്ലൈവുഡ്, പാസ്റ്റർ ഓഫ് പാരീസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് കട്ടൌട്ട് തയ്യാറാക്കിയത്. അര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളാണ് കട്ടൗട്ട് സ്ഥാപിക്കാനായി പണം സമാഹരിച്ചത്. സി.ആർ.7 പരപ്പൻപൊയിൽ കൂട്ടായ്മയ്ക്ക്  ഷഫീഖ് പേപ്പു, അഷ്വിൻ, അമീർ ഷാദ്, കെ.പി. റഫീഖ്, രാഹുൽ, ഷഹൽ, ഷബീർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

നേരത്തെ പരപ്പൻപൊയിലിൽ അർജൻ്റീന ആരാധകർ ലയണൽ മെസിയുടെ 20 അടി ഉയരമുള്ള കട്ടൗട്ടും സ്ഥാപിച്ചിരുന്നു. തുടർന്നാണ് അതിനെ  കടത്തിവെട്ടുന്ന കട്ടൗട്ടുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് എത്തിയത്. വരും  വരും ദിനങ്ങളിൽ വലിയ ഉയരമുള്ള കട്ടൗട്ടുകൾ ഉയർത്താനുള്ള ഒരുക്കത്തിലും ആവേശത്തിലാണ് പരപ്പൻപൊയിലിലെ കാൽപന്തുകളി ആരാധകക്കൂട്ടം. കാൽപന്തുകളി പ്രേമികളുടെ സ്വന്തം നാടായ പരപ്പൻ പൊയിലിൽ നാട്ടുകാർ തന്നെ പണം സമാഹരിച്ച് സ്വന്തമായി മൈതാനം ഒരുക്കുന്നതിൻ്റെ  പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here