ജിദ്ദ: ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിവിധ നഗരങ്ങളിലും മേഖലകളിലും ആരോഗ്യ സേവനം നൽകാൻ 2,764 ലധികം സ്ഥാപനങ്ങൾ. രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇത്രയും സ്ഥാപനങ്ങളെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശ രാജ്യത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് ഇതിന്റെ പ്രയോജനം നേടാമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
151 ആശുപത്രികൾ മക്കയിലേക്കും മദീനയിലേക്കും വരുന്ന തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകാൻ പൊതു-സ്വകാര്യ മേഖലകളിലുണ്ടാകും. കൂടാതെ 773 ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോംപ്ലക്സുകളും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഏകദേശം 1,840 മെഡിക്കൽ ലബോറട്ടറികളും ഫാർമസികളുമുണ്ടാകും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കുള്ള ഇൻഷുറൻസ് പരിപാടി തീർഥാടകർ സൗദി അറേബ്യയിൽ ആയിരിക്കുമ്പോൾ ജീവിത നിലവാരം ഉയർത്താനും അവർക്ക് ഉംറ കർമങ്ങൾ സുഗമമായി നിർവഹിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെയാണ് ഈ സേവനം ആരംഭിച്ചത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ്.