ട്വന്‍റി 20 ലോകകപ്പ് സെമി; ന്യൂസിലന്‍ഡിന് പാകിസ്ഥാനെ വീഴ്‌ത്തുക എളുപ്പമല്ലെന്ന് കണക്കുകള്‍

0
181

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ആദ്യ സെമിയാണ് നാളെ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ലോകകപ്പിലെ സൂപ്പര്‍-12ല്‍ തോല്‍വിയോടെ തുടങ്ങിയിട്ടും സെമിയിലെത്തിയ പാകിസ്ഥാന്‍ ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ കിവികള്‍ക്കെതിരായ നേര്‍ക്കുനേര്‍ കണക്ക് പരിശോധിക്കാം.

ലോകകപ്പുകളുടെ(ഏകദിനം, ടി20) ചരിത്രത്തില്‍ മൂന്ന് തവണയാണ് ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയില്‍ മുഖാമുഖം വന്നത്. മൂന്ന് മത്സരങ്ങളിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നു എന്നതാണ് ചരിത്രം. 1992ലെ ലോകകപ്പിലായിരുന്നു ആദ്യ സംഭവം. അന്ന് ഈഡന്‍ പാര്‍ക്കിലെ സെമിയില്‍ നാല് വിക്കറ്റിന് പാകിസ്ഥാന്‍ വിജയിച്ചു. 37 പന്തില്‍ 60 റണ്‍സുമായി ഇന്‍സമാം ഉള്‍ ഹഖ് തിളങ്ങി. 1999ലാണ് രണ്ടാം തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരടിച്ചത്. മാഞ്ചസ്റ്ററില്‍ ഷൊയൈബ് അക്തര്‍ മൂന്ന് വിക്കറ്റും സയ്യിദ് അന്‍വര്‍ പുറത്താകാതെ 113 റണ്‍സുമായി തിളങ്ങിയപ്പോള്‍ 9 വിക്കറ്റിന്‍റെ ജയം പാകിസ്ഥാന്‍ സ്വന്തമാക്കി. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു മൂന്നാം മത്സരം. കേപ് ടൗണില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഉമര്‍ ഗുല്‍ തിളങ്ങിയ മത്സരത്തില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ പാകിസ്ഥാന്‍ ജയം സ്വന്തമാക്കി.

ഇക്കുറി ഓസ്ട്രേലിയ വേദിയാവുന്ന ട്വന്‍റി 20 ലോകകപ്പില്‍ നാളെയാണ് ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ ആദ്യ സെമി. മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ അഡ്‌ലെയ്‌ഡ് ഓവലില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടും. നവംബര്‍ 13 ഞായറാഴ്‌ചയാണ് കലാശപ്പോര്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഫൈനലിന്‍റെ വേദി.

LEAVE A REPLY

Please enter your comment!
Please enter your name here