അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നാളെ രണ്ടാം സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ മഴ വില്ലനാവരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇരു ടീമിന്‍റെയും ആരാധകര്‍. ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങള്‍ മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. സൂപ്പര്‍ 12വിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മുതല്‍ നിരവധി മത്സരങ്ങള്‍ മഴ നിഴലില്‍ ആണ് പൂര്‍ത്തിയാക്കിയത്.
ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ആരാകും ഫൈനലില്‍ പാക്കിസ്ഥാന്‍റെ എതിരാളിയാകുക എന്ന ചോദ്യം പ്രസക്തമാണ്. നാളെ അഡ്‌ലെയ്ഡില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. മത്സരസമയത്ത് മഴ പ്രവചനമില്ല. രാവിലെയാണ് മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. നോക്കൗട്ട് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഉള്ളതിനാല്‍ നാളെ മത്സരം നടന്നില്ലെങ്കില്‍ മറ്റന്നാള്‍ മത്സരം നടക്കും.
ഐസിസിയുടെ പുതിയ നിര്‍ദേശമനുസരിച്ച നോക്കൗട്ട് ഘട്ടത്തില്‍ ഇരു ടീമിനും 10 ഓവര്‍ വീതമെങ്കിലും കളിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ മത്സരം നടത്താനാകു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇത് അഞ്ചോവര്‍ വീതമാണ്. നാളെയും റിസര്‍വ് ദിനമായ മറ്റന്നാളും മഴ മൂലം 10 ഓവര്‍ വീതമുള്ള മത്സരം പോലും സാധ്യമായില്ലെങ്കില്‍ മാത്രം ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീം ഫൈനലിലേക്ക് മുന്നേറും. ഈ സാഹചര്യത്തില്‍ സൂപ്പര്‍ 12വില്‍ ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലിലെത്തും.
ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഫിനിഷ് ചെയ്തത്. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തുന്നതിന്‍റെ ആത്മവിശ്വാസവും മുന്‍തൂക്കവും ഇന്ത്യന്‍ ടീമിനുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. 2017നുശേഷം ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരെ ദ്വിരാഷ്ട്ര ടി20 പരമ്പര നേടാനായിട്ടില്ല.