ഞെട്ടിക്കുന്ന വേഗത, തരംഗമാകാൻ ജിയോ 5ജി രണ്ട് സുപ്രധാന നഗരങ്ങളിൽ കൂടി അവതരിപ്പിച്ചു!

0
171

ജിയോയുടെ 5ജി തരം​ഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച്  നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്.

മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങൾ ലഭിക്കണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് ‘ജിയോ വെൽക്കം ഓഫറിന്റെ’ ഇൻവൈറ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ഇൻവൈറ്റ് ലഭിച്ചവർക്ക് 1 Gbps+ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഘട്ടം ഘട്ടമായി ട്രൂ 5ജി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജിയോ അറിയിച്ചു.

സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.  5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക്  അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്‌സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടും.

നേരത്തെ റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.  4,518 കോടി രൂപയാണ് ലാഭമായി ലഭിച്ചത്. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വർധനവും എആർപിയുവും  വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 3,528 കോടി രൂപയായിരുന്നു ലാഭമെന്ന് ടെലികോം റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here