ജയിലില്‍ കൊതുകുശല്യം, കൊന്ന കൊതുകുകളുമായി ദാവൂദിന്റെ മുന്‍ കുട്ടാളി കോടതിയില്‍

0
204

കൊതുകുകളുടെ ശല്യം കാരണം ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ഒരു കുപ്പി നിറയെ താന്‍ കൊന്ന കൊതുകുകളുമായാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ ജയിലില്‍ കൊതുക് വല വേണമെന്ന ഇയാളുടെ ആവശ്യം കോടതി നിഷ്‌ക്കരണം തള്ളി.

ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍ കോര്‍ട്ടില്‍ തന്റെ ആവശ്യവുമായി എത്തിയത്. 2020 ജനുവരിയില്‍ അറസ്റ്റിലായ ഇയാള്‍  മുംബൈയിലെ തലോജ ജയിലിലെ വിചാരണ തടവുകാരനാണ്. ദാവൂദ് ഇബ്രാഹിമിന്റെ മുന്‍ കൂട്ടാളിയായ ലക്ദാവാല മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്.

കൊതുകുവല ഉപയോഗിക്കുന്നതിന് അനുമതി തേടി ഇയാള്‍ അടുത്തിടെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.  2020-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍  കൊതുക് വല ഉപയോഗിക്കാന്‍ തനിക്ക് അനുമതി ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം മേയില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ വല പിടിച്ചെടുത്തെന്നുമാണ് ലക്ഡാവാലയാണ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.

വ്യാഴാഴ്ചയാണ്  ലക്ഡാവാലയെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അപ്പോള്‍ ഇയാള്‍ ചത്ത കൊതുകുകള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പിയുമായാണ് കോടതിയിലെത്തിയത്. തങ്ങളുടെ അവസ്ഥ മനസ്സിലാക്കണം എന്നും തലോജ ജയിലിലെ തടവുകാര്‍ ദിവസവും ഈ പ്രശ്നം നേരിടുകയാണെന്നും ഇയാള്‍ പറഞ്ഞു.  എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാല്‍ ജയില്‍ അധികൃതര്‍ ഹര്‍ജിയെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് കൊതുകുവല വേണമെന്ന ഇയാളുടെ ആവശ്യം കോടതി നിരാകരിക്കുകയും പകരം ഒഡോമോസും മറ്റ് കൊതുകുനിവാരണ മരുന്നുകളും ഉപയോഗിക്കാമെന്നും കോടതി വിധിച്ചു.

ലക്ഡാവാലയെ കൂടാതെ തലോജ ജയിലില്‍ കഴിയുന്ന നിരവധി തടവുകാര്‍ സമാനമായ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.  ചില അപേക്ഷകളില്‍ കോടതി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും മറ്റു ചിലത് നിരസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here