ചവിട്ടേറ്റ നാടോടി ബാലനെ കാത്ത് ഡിസ്‌ചാർജ് ആകുന്ന ദിവസം കാർണിവൽ കാർ ആശുപത്രിക്ക് മുന്നിലുണ്ടാകും, ഉറപ്പ് നൽകി കോട്ടയത്തെ സ്വർണവ്യാപാരി

0
296

തലശ്ശേരി: കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് കാറുടമ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി​ത്തെറി​പ്പി​ച്ചതി​നെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ സുനിൽ കുര്യനും സന്ദർശി​ച്ച് ഇരുപതിനായിരം രൂപ നൽകി​.

സംഭവം അറിഞ്ഞ ഇവർ മാതാപിതാക്കളോട് രോഗാവസ്ഥ ചോദിച്ചറിഞ്ഞു. പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് ലഭ്യമാക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാൽ തന്റെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം നൽകിയാണ് മടങ്ങിയത്.

ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം, ആറു വയസുകാരനായ ഗണേശനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ശിഹ്ഷാദിന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.സി ഷീബ നോട്ടീസ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here