കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്ക് സഹായകമാകുന്നുവെന്ന് പഠനം

0
181

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ലോകം. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് വാക്സിൻ ലഭിച്ചുതുടങ്ങിയതോടെ രോഗപ്രതിരോധം കുറെക്കൂടി ശക്തമായി. കൊവിഡ് വാക്സിൻ സ്വീകരിച്ചവരിലും രോഗബാധയുണ്ടായി. എങ്കിലും രോഗ തീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയിലാണ് സഹായകമായത്.

ഓരോ രാജ്യങ്ങളിലും ഉപയോഗിച്ചുവരുന്ന വാക്സിനുകളില്‍ വ്യത്യസ്തതയുണ്ട്. ഇതിന്‍റെ ഡോസ്- രോഗത്തിനെതിരെ പോരാടാനുള്ള ശക്തി, പാര്‍ശ്വഫലങ്ങള്‍ എന്നിവയിലെല്ലാം ഇതിന് അനുസരിച്ച് വ്യത്യാസങ്ങളുണ്ട്.

ഇപ്പോഴിതാ ജര്‍മ്മനിയിലെ ബോൻ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്കും സഹായകമാകും എന്നാണ്. തൊണ്ടയെ ബാധിക്കുന്ന ‘നാസോഫാരിഞ്ചിയല്‍ ക്യാൻസര്‍’ ചികിത്സയെ ആണ് കൊവിഡ് വാക്സിൻ ഫലപ്രദമായി സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പല ക്യാൻസര്‍ കോശങ്ങളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടന്ന് അതിജീവനം നടത്തും. ഇതിനെതിരെയാണ് മരുന്നുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ ‘നാസോപാരിഞ്ചിയല്‍ ക്യാൻസറി’ല്‍ ഫലപ്രദമായ രീതിയില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം കൊവിഡ് വാക്സിൻ ഒരുക്കുന്നു എന്നാണിവര്‍ കണ്ടെത്തിയിരിക്കുന്നത്.

23 ആശുപത്രികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ മുന്നൂറിലധികം പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നതത്രേ. ചൈനയില്‍ ഉപയോഗിച്ചുവരുന്ന സിനോവാക് വാക്സിൻ ആണ് ഇവര്‍ എടുത്തിരുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാക്സിനെടുക്കാത്ത രോഗികളെക്കാള്‍ ക്യാൻസര്‍ ചികിത്സ വാക്സിനെടുത്തവരില്‍ ഫലപ്രദമായി മുന്നോട്ടുപോയി എന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഗവേഷകര്‍ അറിയിക്കുന്നു. കൂടാതെ പാര്‍ശ്വഫലങ്ങളും ഇവരില്‍ കണ്ടില്ലെന്നും ഗവേഷകര്‍ അറിയിക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ചികിത്സാ സാധ്യതകള്‍ക്കും വഴി തുറക്കുന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട് എന്നത് നിസംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here