കേരളം വീണ്ടും ഒന്നാമത്; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം

0
165

ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട 2020-21 വര്‍ഷത്തെ പെര്‍ഫോമിങ് ഗ്രേഡ് ഇന്‍ഡക്സിലാണ് (PGI) കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

കേരളവും പഞ്ചാബും മഹാരാഷ്ട്രയും 928 പോയിന്റുമായാണ് സൂചികയില്‍ ഒന്നാമതെത്തിയത്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൂചികയില്‍ മുന്നേറുകയും ചെയ്തു. ചണ്ഡിഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവ യഥാക്രമം 927, 903, 903, 902 സ്‌കോറുകള്‍ നേടി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ലെവല്‍ രണ്ടില്‍ കേരളത്തിനും പഞ്ചാബിനുമൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് ഈ വര്‍ഷത്തെ പെര്‍ഫോമിങ് ഗ്രേഡ് ഇന്‍ഡക്സില്‍ ലെവല്‍ മൂന്നിലേക്ക് താഴുകയാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ലെവല്‍ ഒന്നില്‍ ഒരു സംസ്ഥാനവും എത്തിയില്ല.അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നത്. ലെവല്‍ ഏഴിലാണ് അരുണാചല്‍ പ്രദേശ്.

2017-18 വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2020-21 വര്‍ഷങ്ങളില്‍ ലെവല്‍ രണ്ട് (സ്‌കോര്‍ 901-950) ലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-20 വര്‍ഷങ്ങളെ അപേക്ഷിച്ച് 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2020-21ല്‍ ലെവല്‍ മൂന്നിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയു, ഹരിയാന, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ലക്ഷദ്വീപ്, ദല്‍ഹി, ഒഡീഷ എന്നിവയാണ് ലെവല്‍ മൂന്നിലേക്ക് ഉയര്‍ന്നത്.

അതേസമയം, സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തിലെ 70 സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പെര്‍ഫോമിങ് ഗ്രേഡ് ഇന്‍ഡക്‌സ് കണക്കാക്കുന്നത്. 1000 പോയിന്റില്‍ 950ന് മുകളില്‍ സ്‌കോര്‍ നേടുന്നവ ലെവല്‍ ഒന്നിലാണ് വരുക. ലെവല്‍ 10 ആണ് ഏറ്റവും താഴ്ന്ന ലെവല്‍. 551ന് താഴെയുള്ള സ്‌കോറുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക.

 

LEAVE A REPLY

Please enter your comment!
Please enter your name here