തിരുവനന്തപുരം കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാനെ നിയമിക്കാനായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്ത് നല്‍കിയ സംഭവത്തില്‍ നഗരസഭയില്‍ കൈയ്യാങ്കളി. ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വനിത കൗണ്‍സിര്‍മാര്‍ തമ്മിലാണ് കൈയ്യാങ്കളി നടന്നത്. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്തേക്ക് പോലീസ് എത്തിയിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി മേയറെ പൂട്ടിയിട്ടുവെന്നും സിപിഎം കൗണ്‍സിലര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാരെ പൂട്ടിയിട്ടുവെന്നും ഇരുവരും ആരോപിച്ചു.
പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് വരിക്കില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മേയര്‍ ആര്യ പരാതി നല്‍കിയിരുന്നു.നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. പുറത്തുവന്ന കത്തില്‍ ചില സംശയങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഓഫീസിനെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
തന്നെ ഒരു കള്ളനെപോലെ മാധ്യമങ്ങള്‍ പിന്തുടരുകയാണെന്നും ആര്യ പറഞ്ഞു. മേയറായി താന്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ വേട്ടയാടല്‍ നടത്തുകയാണ്. അഴിമതി തടയാനും ശക്തമായ നടപടി എടുക്കാനുമാണ് താന്‍ ശ്രമിക്കുന്നത്. ഭരണസമിതിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുകയാണെന്നും മേയര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തര്‍ നിരന്തരം ചോദിച്ചിട്ടും കത്ത് വ്യാജമെന്ന് പറയാന്‍ ആര്യ രാജേന്ദ്രന്‍ തയാറായിട്ടില്ല. കത്ത് പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്.
പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ രാവിലെ വിശദീകരണം നല്‍കിയിയത്. മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്.