എതിർപ്പിന് മുന്നിൽ കീഴടങ്ങി സർക്കാർ; പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു

0
157

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവ്വീസ് സംഘടനകൾ ഉയര്‍ത്തിയിരുന്നത്.

എന്നാല്‍, പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ എഐവൈഎഫും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിൽ പ്രതിഷേധമറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here