ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം, 8 സീറ്റുകൾ പിടിച്ചെടുത്തു, കീരപ്പാറയിൽ ഇടതിന് ഭരണനഷ്ടം

0
223

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ 7 വാർഡുകളടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി 2 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

ഉപതെരഞ്ഞെടുപ്പ് ഫലം 

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ്  41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിൻ്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യ യാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യു.ഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടിമറ്റം ഡിവിഷനിൽ  യുഡിഎഫ് സ്ഥാനാർത്ഥി ശ്രീജ അശോകൻ 7 8 വോട്ടുകൾക്ക് വിജയിച്ചു.

  • ഇടുക്കി 

ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം  ഇകെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ ഷൈന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഞ്ഞിക്കുഴി പൊന്നെടുത്താൻ വാർഡിൽ എൽ ഡി എഫ് സ്ഥാനാത്ഥി പിബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫിൽ നിന്നാണ് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി.ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

  • മലപ്പുറം 

മലപ്പുറം നഗരസഭ കൈനോട് വാർഡ് സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർഥി സി ഷിജു 12 വോട്ടിനു ജയിച്ചു.
കഴിഞ്ഞ തവണ 362 ആയിരുന്നു വാർഡിലെ എഷഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം.

  • തൃശൂർ

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. സിപിഎം സിറ്റിങ് സീറ്റായിരുന്ന മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എം. ഉദയപാലൻ 110 വോട്ടിന് വിജയിച്ചു. സിപിഎം കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗൺസിലിൽ എൽഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റ് നില.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപിൽ എൽഡിഎഫ് സ്ഥാനാർഥി എഇ ഗോവിന്ദൻ വിജയിച്ചു. 1800 വോട്ടുകൾക്കാണ് വിജയം.

  • കോഴിക്കോട് 

തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് യുഡിഎഫ് നിലനിർത്തി. 383 വോട്ടുകൾക്ക് സിഎ നൗഷാദ് വിജയിച്ചു. മേലടി ബ്ലോക്ക് കീഴരിയൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.  102 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ വിജയിച്ചു. കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു.  276 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട്ട് ജയിച്ചു. മണിയൂർ പഞ്ചായത്ത് മണിയൂർ നോർത്ത് വാർഡ്  എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എ ശശിധരൻ 340 വോട്ടുകൾക്ക് വിജയിച്ചു.

  • തിരുവനന്തപുരം 

തിരുവനന്തപുരത്ത് പഴയകുന്നുമ്മൽ പഞ്ചായത്തിൽ മഞ്ഞപ്പാറ വാർഡിൽ യുഡിഎഫിന് വിജയം. യുഡിഎഫിലെ  എം ജെ ഷൈജ 45 വോട്ടിനു ജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

  • പാലക്കാട് 

പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി വഞ്ചി കക്കി  32 വോട്ടിന് വിജയിച്ചു. കുത്തന്നൂർ പഞ്ചായത്ത് പാലത്തറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.

  • കൊല്ലം

കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ്.ഗീത വിജയിച്ചു. പേരയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ലതാ ബിജു വിജയിച്ചു.

  • ആലപ്പുഴ 

ആലപ്പുഴയിൽ  5 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.  പണ്ടനാട്  ഏഴാം  വാർഡിൽ യുഡിഎഫ് വിജയിച്ചു. ബിജെപി സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. ആദിക്കാട്ടുകുളങ്ങരയിൽ യുഡിഎഫിന് ജയം. സിപിഐ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

  • വയനാട് 

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് കമ്മിച്ചാൽ   208 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here