ഉത്തര്‍പ്രദേശില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി; സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ക്രൂരമര്‍ദനം | VIDEO

0
246

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ ജനക്കൂട്ടവും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ജോലി തടസപ്പെടുത്തി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പോലീസ് ജനക്കൂട്ടത്തിനു നേരെ ലാത്തി ചാർജ് നടത്തി. സ്ത്രീകളെ ഉള്‍പ്പെടെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകള്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തഹസില്‍ദാറിന്റെ ഔദ്യോഗിക വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ച ജലാല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വാസിദ്പൂരിലുള്ള അംബേദ്കര്‍ പ്രതിമക്ക് ചുറ്റും കോര്‍പ്പറേഷന്‍ മതിലുകെട്ടുന്നതിനിടെ സ്ത്രീകളടക്കം ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് പോലീസ് പറയുന്നു. ഇവര്‍ മതില്‍ നിര്‍മാണത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തില്‍ മുനിസിപ്പാലിറ്റി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. നേരത്തെ അജ്ഞാതര്‍ അംബേദ്കര്‍ പ്രതിമക്കുമേല്‍ കറുത്ത പെയിന്റ് ഒഴിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ ഇവിടെ മതിലു കെട്ടാന്‍ തീരുമാനിച്ചത്. ജനക്കൂട്ടം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ കൈയ്യില്‍ കിട്ടിയ വടികളുപയോഗിച്ച് പോലീസ് മർദിക്കുകയായിരുന്നു.

‘സംഭവസ്ഥലത്തെത്തിയ പോലീസിനുനേരെ സ്ത്രീകള്‍ അപമര്യദയോടെ പെരുമാറുകയും കൈയ്യേറ്റം നടത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പോലീസ് ചെറിയ ഏറ്റുമുട്ടലിന് നിര്‍ബന്ധിതരാകുകയായിരുന്നു’- ജലാല്‍പുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ അംബേദ്കര്‍ പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും പോലീസിന്റെ ജോലിക്ക് തടസ്സം നിന്നതിനും കൈയ്യേറ്റം ചെയ്തതിനുമെതിരെയും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here