ആലപ്പുഴ: ആലപ്പുഴയിലും ബുള്‍ഡോസര്‍ പ്രയോഗം. ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കി. നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
കുട്ടികള്‍ക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തിവരുന്നതായുള്ള നൂറനാട് പോലീസിന്റെയും എക്‌സൈസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ചുമാറ്റിയതെന്നും ലഹരിക്കെതിരെ വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഇവയുടെ വില്‍പ്പന തടയേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഷൈജുഖാനെതിരെ മുന്‍പും കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസും അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികുമാര്‍, നൂറനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.നിധീഷ്, ദീപു ആര്‍ പിള്ള, എക്‌സൈസ് റേഞ്ച് ഓഫീസര്‍ എ. അതുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ നടന്നത്.