ആകാശംമുട്ടെ സിആ‍ര്‍7, സ്ഥാപിച്ചത് ക്രെയിനില്‍; മെസി-നെയ്‌മര്‍-റോണോ ത്രികോണ മത്സരമായി കട്ടൗട്ട് പോര്

0
167

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ കണ്ട മെസി-നെയ്‌മ‍ര്‍ കട്ടൗട്ട് പോരിന് താമരശ്ശേരി പരപ്പന്‍പൊയിലില്‍ സിആര്‍7 കട്ടൗട്ട് സ്ഥാപിച്ച് കലക്കന്‍ മറുപടിയുമായി റൊണാള്‍ഡോ ആരാധകര്‍. സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്‌മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി. ഫിഫ ലോകകപ്പിന് മുമ്പ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന കാഴ്‌ചയാവുകയാണ് ഇത്.

അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആദ്യ സംഭവം. പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഭീമന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ ആരാധകരുടെ പോര് കാര്യമായി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടി. ഇതോടെ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ആരാധകരുടെ പറച്ചില്‍.

40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ വ്യക്തമാക്കിയത്. അര്‍ജന്‍റീനയോട് മത്സരിക്കാന്‍ തന്നെയാണ് നെയ്മറുടെ കട്ടൗട്ട് മഞ്ഞപ്പടയുടെ ആരാധകര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇതൊരു സൗഹൃദ മത്സരം മാത്രമാണ്. കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശം തന്നെയാണ് ഇരു വിഭാഗങ്ങള്‍ക്കുമുള്ളത്. ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടില്‍ സ്ക്രീന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബ്രസീല്‍ ആരാധകനായ അക്ബര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here