പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഹർഷാദ് എന്ന 21 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹക്കീമുമായി ഇവർ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്നതായി പ്രതി മൊഴി നൽകി. ഹർഷാദ് പട്ടിയ്ക്ക് സമയത്ത് തീറ്റ കൊടുക്കാത്തതിനാണ് ഹർഷാദിനെ ആദ്യം മർദ്ദിച്ചത്. കൂട് അടക്കാത്തതിനാൽ പട്ടി പുറത്ത് ഇറങ്ങിയതോടെ ഹർഷാദിനെ കൂടുതൽ മർദ്ദിക്കുകയായിരുന്നുവെന്ന് ഹക്കീം പറഞ്ഞു.
ബോധമില്ലാതായ ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഹർഷാദിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് തന്റെ രണ്ട് സുഹൃത്തുക്കളെ കൂടെ കൂട്ടിയതെന്നും ഹക്കീം വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോൾ ഇതേ വീട്ടിലുണ്ടായിരുന്ന ഹക്കീമിന്റെ മറ്റൊരു സുഹൃത്ത് ലഹരിയുടെ സ്വാധീനത്തിൽ മയക്കത്തിലായിരുന്നു.
നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചുമാണ് ഹർഷാദിനെ അമ്മാവന്റെ മകനായ ഹക്കീം മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വാരിയെല്ലുകൾ തകർന്ന ഹർഷാദ്, ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.
ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ച സമയത്ത് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് പറഞ്ഞിരുന്നത്. പരിക്ക് കെട്ടിടത്തിൽ വീണ് ഉണ്ടായതല്ലെന്ന് മനസിലാക്കിയ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിച്ചു. ഉച്ചയോടെ ഹക്കീം മരിച്ചു. എന്നാൽ ഒപ്പം വന്ന സുഹൃത്തുക്കളെ ആശുപത്രിയിലാക്കി ഹക്കീം സ്ഥലത്ത് നിന്ന് മുങ്ങി. ബന്ധുക്കൾക്ക് ഹക്കീമിനെയായിരുന്നു സംശയം. പിന്നാലെ പൊലീസ് ഹക്കീമിനെ തിരഞ്ഞു. വൈകീട്ടോടെ ഇയാൾ പിടിയിലായി. ചോദ്യം ചെയ്യലിൽ ഹക്കീം കുറ്റം സമ്മതിച്ചു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിൽ മർദ്ദനമേറ്റ 160 ലേറെ പാടുകൾ കണ്ടെത്തിയിരുന്നു. അതിക്രൂരമായ മർദ്ദനമാണ് ഏറ്റതെന്ന് ഇതിൽ നിന്ന് വ്യക്തമായി. സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്ന ജോലിക്കാരായിരുന്നു ഹർഷാദും ഹക്കീമും. നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്ന ഹർഷാദിനെ ഹക്കീം നിർബന്ധിച്ച് പുതിയ തൊഴിലിലേക്ക് കൊണ്ടുവരികയും കൂടെ താമസിപ്പിക്കുകയുമായിരുന്നു.