കൊച്ചി: കണ്ണൂർ ചെമ്പിലോട് വീട്ടുവളപ്പിൽ നിന്ന് അമോണിയെ നൈട്രേറ്റ് പിടികൂടിയെന്ന് ആരോപിച്ച് 2009ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീർ,ഷറഫുദ്ദീൻ ,റഈസ് അടയത്ത്, ആർ.എം അഫ്‌സൽ, ഫൈറൂസ് എന്നിവരെയാണ് പ്രതിചേർത്തിരുന്നത്. പ്രതികളെ കേസുമായി ബന്ധപ്പിക്കാൻ തെളിവൊന്നുമില്ലെന്നും ജുഡീഷ്യറിയുടെ സമയം നഷ്ടമാക്കുന്ന കേസാണിതെന്നും നിരീക്ഷിച്ചാണ് എറണാകുളം അഡീഷനൽ ജഡ്ജി കെ.കമനീസ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്.
2009 ൽ അഫ്‌സലും ഷറഫുദ്ദീനും ചില സ്‌ഫോടക വസ്തുക്കൾ മറ്റൊരാൾക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന 2009 ഡിസംബർ 10 ന് പൊലീസ് അഫ്‌സലിന്റെ ബന്ധുവായ ആമിനയുടെ വീട്ടിൽ പരിശോധന നടത്തി. അവിടെ വീടിന് മുകളിൽ നിന്ന് അമോണിയം നൈട്രേറ്റ് മണക്കുന്ന നനഞ്ഞ ഷർട്ട് അടങ്ങിയ ജീർണിച്ച പെട്ടിപിടികൂടി. പിന്നീട് ആമിനയെ ചോദ്യം ചെയ്തപ്പോൾ അഫ്‌സലും ഷറഫുദ്ദീനും ഉപ്പ് പോലുള്ള എന്തോ ബാഗിലാക്കി ഫൈറൂസിന് കൊടുത്തുവെന്നും അഫ്‌സൽ ഗൾഫിൽ പോയതോടെ ബാഗിലുള്ളത് ഇരുകാൻ തുടങ്ങിയതോടെ ഇത് കുഴിച്ചിട്ടെന്നും ബാഗ് കത്തിച്ചെന്നും ആമിന മൊഴി നൽകി.
ബാഗ് കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇവിടെ നിന്ന് അമോണിയം നൈട്രേറ്റ് കണ്ടെത്തിയതായി ആരോപിച്ച് പൊലീസ് നസീർ അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയായിരുന്നു. വിചാരണ നടക്കുന്നതിന് മുമ്പായി കേസ് രേഖകൾ കേസ് രേഖകൾ സ്വമേധയാ പരിശോധിച്ച കോടതി കുഞ്ഞാമിനയുടെ മൊഴിയല്ലാതെ മറ്റൊന്നും കേസിലില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു