സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി, ഹാത്രസിലേക്ക് പോയത് മതസൗഹാർദം തകര്‍ക്കാനെന്നും പരാമര്‍ശം

0
186

ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. ‘പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്.’  മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.

എന്‍ഫോഴ്സ്‍മെന്‍റ് കേസില്‍ സിദ്ദിഖ്‌ കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്നലെയാണ് ലഖ്‌നൗ ജില്ലാ കോടതി തള്ളിയത്. യുഎപിഎ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചനം സാധ്യമാകു. ഇഡി കേസിലെ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഒക്ടബോര്‍ 12 ന് പൂര്‍ത്തിയായിരുന്നു. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി വാദിച്ചത്. ‌പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം ഒന്‍പതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here