വാഷിങ്ടണ്‍: കടയില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാതിലിന്‍റെ ചില്ലില്‍ ഇടിച്ച് ബോധം പോയി തറയില്‍ വീണ് മോഷ്ടാവ്. ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വെറ്റോണിന്റെ വാഷിങ്ടണിലെ ബെല്‍വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്.
ആഡംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വെറ്റോണ്‍. ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗുകളാണ് മോഷ്ടാവ് കൈക്കലാക്കി പുറത്തേക്ക് പാഞ്ഞത്. വാതിലിന്‍റെ ഭാഗത്ത് ചില്ലാണെന്ന് തിരിച്ചറിയാതെ തുറന്ന വഴിയാണെന്ന് തെറ്റിധരിച്ച് അതുവഴി രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമമാണ് വലിയ പരാജയമായി മാറിയത്.
Brazen teenage thief, 17, knocks himself out by running into glass door as he tries to flee Louis Vuitton store with $18,000 worth of handbags in the affluent #Seattle suburb of Bellevue,#Washington. pic.twitter.com/LB11pBCKQp
— Hans Solo (@thandojo) November 8, 2022
പതിനേഴുകാരനാണ് പിടിയിലായത്.വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായതിനാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കടകളും ചില്ലറവില്‍പനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്‍പതോളം പേർ ബെല്‍വ്യൂവില്‍ മാത്രം അറസ്റ്റിലായതായി ദ ന്യൂടോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കൊല്ലം 59 പേര്‍ക്കെതിരെ ബെല്‍വ്യൂ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘടിതമായ മോഷണശ്രമങ്ങള്‍ക്കെതിരെ ബെല്‍വ്യൂ പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മൂലം ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവുവന്നതായും പോലീസ് പറയുന്നു.