ന്യൂയോർക്ക്: ഇന്ത്യയിലെ യുവ സംഗീത സംവിധായകർക്ക് സന്തോഷവാർത്ത. മാസം രണ്ടു ലക്ഷം വരെ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങുന്നു. ഫോട്ടോ-വിഡിയോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ ഉടമകളായ സ്‌നാപ് ആണ് ഇന്ത്യക്കാർക്കായി ‘സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട്’ ആരംഭിച്ചിരിക്കുന്നത്. 50,000 ഡോളർ(ഏകദേശം 40 ലക്ഷം രൂപ) ആണ് ഫണ്ടിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വതന്ത്ര ഡിജിറ്റൽ മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ‘ഡിസ്‌ട്രോകിഡു’മായി ചേർന്നാണ് സ്‌നാപ്ചാറ്റ് പുതിയ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചത്. സ്‌നാപ്ചാറ്റിനു കീഴിലുള്ള സൗണ്ട്‌സ്‌നാപ്പിൽ ഏറ്റവും മികച്ച കണ്ടെന്റുകൾ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാർക്കാണ് ഗ്രാന്റ് ലഭിക്കുക. 2,500 ഡോളർ(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് ഒരാൾക്ക് ലഭിക്കുക.
പ്രാദേശിക കണ്ടെന്റ് ക്രിയേറ്റർമാരെ സ്വന്തമാക്കി ഇന്ത്യൻ മാർക്കറ്റ് പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് സ്‌നാപ്ചാറ്റ്. ഇതിന്റെ ഭാഗമായി കൂടിയാണ് മെറ്റയുടെ മുൻ ഇന്ത്യൻ തലവൻ അജിത് മോഹനെ കമ്പനിയിലെത്തിക്കുന്നത്. സ്‌നാപ്ചാറ്റ് ഏഷ്യ-പസഫിക് തലവനായാണ് അജിത് മോഹൻ നിയമിതനായത്. ഇന്ത്യയ്ക്കു പുറമെ ചൈന, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ അടക്കമുള്ള വലിയ മാർക്കറ്റിന്റെ മേൽനോട്ടം വഹിക്കുന്നത് അദ്ദേഹമായിരിക്കും.
16 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഗ്രാന്റ് ലഭിക്കുക. സ്വന്തമായി നിർമിച്ച ലൈസൻസുള്ള കണ്ടെന്റുകൾ മാത്രമേ ഗ്രാന്റിനു പരിഗണിക്കൂ. സംഗീതരംഗത്ത് കരിയർ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയാണഅ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌നാപ്പിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് ലീഡ് ലക്ഷ്യ മാളു പറഞ്ഞു.