മംഗൽപാടി ഗ്രാമപ്പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു

0
183

ഉപ്പള : മംഗൽപാടി ഗ്രാമപ്പഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു.

മാലിന്യപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തരമായി രൂപരേഖ തയ്യാറാക്കണമെന്ന് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗത്തിൽ തീരുമാനമായി. ജില്ലാ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടർ എന്നിവയുടെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കേണ്ടത്. മാലിന്യപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

മംഗൽപാടി പഞ്ചായത്തിലെ കുബന്നൂരിൽ ശുചിത്വ മിഷൻ സ്ഥാപിച്ച ശുചിത്വ മിഷന്റെ മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്.) പ്ലാന്റിൽ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. മാലിന്യനിർമാർജനത്തിന് നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് മാലിന്യം നീക്കാനുള്ള യജ്ഞത്തിൽ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അറിയിച്ചു. പഞ്ചായത്തിലെ മാലിന്യനിർമാർജന, സംസ്കരണ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ഫണ്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കൂന്നതിനും വേണ്ടിയുള്ള നിർദേശവും യോഗത്തിൽ നൽകി.

മംഗൽപാടിയിലെ മാലിന്യപ്രശ്നം സസൂക്ഷമമായി വിലയിരുത്തിയ യോഗത്തിൽ ശുചിത്വ മിഷൻ എക്സി. ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ, ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് ജെയ്‌സൺ മാത്യു, നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.ലക്ഷ്മി, മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന, വൈസ് പ്രസിഡന്റ് യൂസഫ്, പഞ്ചായത്തംഗം എം.വിജയകുമാർ റൈ, പഞ്ചായത്ത് അസി. സെക്രട്ടറി ടി.പി.ദീപേഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here