ബീഫ് വിറ്റെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം മർദിച്ചു; ഒടുവിൽ മർദനമേറ്റവർക്കെതിരെ കേസ്

0
162

ഭോപ്പാൽ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി മർദിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അടിവസ്ത്രം മാത്രം ധരിച്ച രണ്ട് പേരെ ആൾക്കൂട്ടം മർദിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരുകൂട്ടം ആളുകൾ ബെൽറ്റുകൊണ്ടാണ് ഇവരെ അടിക്കുന്നത്. ചിലർ ഇവർക്കെതിരെ മുട്ടയെറിയാനും ആവശ്യപ്പെടുന്നുണ്ട്.

മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു​വെന്ന് ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നർസിങ് ദാസ്, റാം നിവാസ് മെഹർ എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവരും ചാക്കുമായി വരുന്നതിനിടെ ഒരുസംഘം തടഞ്ഞുനിർത്തി ഇതിലെന്താണെന്ന് ചോദിക്കുകയായിരുന്നു. അതിന് ബീഫാണെന്ന മറുപടി ഇവർ നൽകിയെന്നും തുടർന്ന് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.

വെറ്റിനറി ഡോക്ടർ ഇവരിൽ നിന്നും പിടിച്ചെടുത്ത മാംസത്തിന്റെ വിദഗ്ധ പരിശോധന നടത്തുമെന്നും ​പൊലീസ് അറിയിച്ചു. അതേസമയം, ഇവരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുമോയെന്ന കാര്യത്തിൽ സംബന്ധിച്ച് ​പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

(വിഡിയോ കടപ്പാട്: എൻ.ഡി.ടി.വി)

LEAVE A REPLY

Please enter your comment!
Please enter your name here