പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം,200 രൂപയുടെ പെറ്റി കേസ് സുപ്രീംകോടതി വരെ എത്തി; ഒടുവില്‍ തള്ളി

0
138

അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമവിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെവേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2015-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്നമനട ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ. രവി നമ്പൂതിരി, കേസില്‍ ശിക്ഷിക്കപ്പെട്ടവിവരം നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍സ്ഥാനാര്‍ഥി കെ.എ. ബൈജു (സി.പി.എം.) കോടതിയെ സമീപിച്ചത്. 2006-ല്‍ അന്നമനട ഗ്രാമപ്പഞ്ചായത്തിനുമുന്നില്‍ കുടില്‍കെട്ടി ധര്‍ണനടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. ഇതിന് രവിയോട് 200 രൂപ പിഴയടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചില്ലെന്നതാണ് കേസിന് ഇടയാക്കിയത്. തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും തുല്യവോട്ടാണ് ലഭിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ രവിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പരാതി മുന്‍സിഫ് കോടതി തള്ളിയതോടെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും എത്തി. നീണ്ട പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി രവിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. ഇതേത്തുടര്‍ന്ന് രവി നമ്പൂതിരി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ കേസില്‍ വിധിവരുന്നതുവരെ അംഗത്വം നിലനിര്‍ത്തുകയും അതേസമയം, വോട്ടവകാശവും ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിവിധിയെത്തുടര്‍ന്ന്, ചുമതലവഹിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം രവി രാജിവെച്ചിരുന്നു.

പിന്നീട് വോട്ടവകാശം നിഷേധിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

ഗ്രാമപ്പഞ്ചായത്തംഗത്വത്തിനായുള്ള 2015-ലെ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുവരും ഗ്രാമപ്പഞ്ചായത്തംഗങ്ങളായിമാറിയതും ചരിത്രം. നിലവില്‍ ഇരുവരും അന്നമനട ഗ്രാമപ്പഞ്ചായത്തംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here