ന്യൂഡൽഹി: ഇന്ത്യൻ സമ്പ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മുതൽ തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ ആറ് വർഷങ്ങൾക്ക് ഇപ്പുറവും നേരിടുന്നത് വെല്ലുവിളികൾ മാത്രമാണെന്നതാണ് മറ്റൊരു സത്യം
2016 നവംബർ എട്ടിനായിരുന്നു പ്രധാന മന്ത്രിയുടെ ഈ പ്രഖ്യാപനം. കള്ളപ്പണം പിടികൂടാനെന്ന പേരിൽ നടപ്പാക്കിയത് തുഗ്ലക് പരിഷ്‌കാരം മാത്രമാണെന്ന് വരും ദിവസങ്ങളിൽ തെളിഞ്ഞു. നോട്ടുകൾ മാറ്റിയെടുക്കാൻ ലഭിച്ച 50 ദിവസങ്ങൾ മുന്നിൽ കണ്ട് നെട്ടോട്ടമോടിയ ജനങ്ങൾക്ക് മുൻപിൽ ഒട്ടുമിക്ക എടിഎമ്മുകളും ബാങ്കുകളും അടഞ്ഞു കിടന്നു.
രാഷ്ട്രീയമായി ഒന്നാം നരേന്ദ്ര മോദി സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ തീരുമാനം കൂടിയായിരുന്നു 2016ലെ നോട്ട് നിരോധനം. രാജ്യം വറുതിയിലാണ്ട ആ ദിവസങ്ങളിൽ പ്രധാനമന്ത്രി നടത്തിയ വികാര പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു.