കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍ എംഎല്‍എയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. എന്നാല്‍ ഈ പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ വാദിച്ചത്.
പണം നിയമവിധേയമാണെന്ന് തെളിയിക്കാന്‍ നികുതി അടച്ചതിന്റെ രേഖകള്‍ ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയേഴ് ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം രൂപയായിരുന്നു വിജിലന്‍സ് പിടിച്ചെടുത്തത്.