കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു

0
201

കാസര്‍കോട്: കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ ഇന്നോവ കാര്‍ ഇടിച്ച് വീഴ്‍ത്തി തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു. അടുക്കത്ത്ബയല്‍ സ്വദേശി മജീദിനെയാണ് തട്ടിക്കൊണ്ട് പോയി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത്. ഇദ്ദേഹത്തെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മജീദിനെ രാവിലെ ചളിയങ്കോട് പാലത്തിന് സമീപം വച്ചാണ് ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തിയത്. തെറിച്ചു വീണ യുവാവിനെ കാറിലുണ്ടായിരുന്നവര്‍ ബലമായി പിടിച്ച് കൊണ്ട് പോവുകയായിരുന്നു. ഇയാളില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയും സംഘം കവര്‍ന്നു. ഒരു മണിക്കൂറിന് ശേഷം കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നില്‍ മജീദിനെ ഉപേക്ഷിച്ച് സംഘം കടന്നു. മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ഇന്നോവയിലാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം.

കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് മജീദില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് കരുതുന്നത്. അഞ്ച് പേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന് നല്‍കിയ മൊഴി. കെഎല്‍ 14 വി 5399 നമ്പര്‍ ബൈക്കിലാണ് മജീദ് സഞ്ചരിച്ചിരുന്നത്. ദൃക്സാക്ഷിയാണ് തട്ടിക്കൊണ്ട് പോയ വിവരം പൊലീസിനെ അറിയിക്കുന്നത്. അന്വേഷണത്തില്‍ ബൈക്ക് ഉടമയെ കണ്ടെത്തിയെങ്കിലും അത് രണ്ട് വര്‍ഷം മുമ്പ് വിറ്റതാണെന്നായിരുന്നു മൊഴി.

പിന്നീടുള്ള അന്വേഷണത്തിലാണ് മജീദാണ് ബൈക്കില്‍ സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ താന്‍ ആക്രമിക്കപ്പെട്ടതോ പണം പോയതോ വ്യക്തമാക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തമൊരു ബൈക്കില്‍ താന്‍ സഞ്ചരിച്ചിട്ട്പോലുമില്ലെന്നായിരുന്നു മജീദിന്‍റെ നിലപാട്. പരാതി നല്‍കാനും തയ്യാറായില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ തട്ടിക്കൊണ്ട് പോയ വിവരം ഇയാള്‍ സമ്മതിച്ചത്. മജീദ് അന്വേഷണത്തോട് ഇപ്പോഴും സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here