കട്ടൗട്ട് യുദ്ധം തീരുന്നില്ല; പരപ്പൻപൊയിലിൽ സി ആർ 7 നും മെസിക്കും മുകളിലെത്തി നെയ്മര്‍

0
155

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ ആരാധകര്‍ തമ്മിലുള്ള കട്ടൗട്ട്  പോര് അവസാനിക്കുന്നില്ല. പുള്ളാവൂരിലെ ചെറുപുഴയിലെ ഭീമന്‍ കട്ടൗട്ടുകള്‍ ഫിഫ വരെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് പരപ്പന്‍ പൊയിലില്‍ 55 അടിയില്‍ നെയ്മര്‍ ഉയര്‍ന്നത്. പരപ്പൻപൊയിലിൽ ബ്രസിൽ ആരാധകർ കാൽപന്തുകളിയിലെ യുവരാജാവ് നെയ്മറുടെ 55 അടി ഉയരമുള്ള ഭീമൻ കട്ടൗട്ട് ഉയർത്തിയാണ് തങ്ങളുടെ സ്നേഹവും കൂറും പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് 55 അടി ഉയരവും 13 അടി വീതിയുമുള്ള ഭീമൻ കട്ടൗട്ട് ആഹ്ലാദത്തോടെ ആവേശത്തിൽ ഉയർത്തിയത്.

ഇതോടെ പരപ്പൻപൊയിലെ 45 അടിയുള്ള സി.ആർ.7 ന്‍റെയും 30 അടിയുള്ള മെസിയുടെയും കട്ടൗട്ടുകൾക്ക് ഏറെ മുകളിലായി  നെയ്മർ. ഏതൻസ് ക്ലബ്ബ് പരപ്പൻപൊയിലിലെ ബ്രസീൽ ആരാധകരാണ് രാരോത്ത് ഹൈസ്കൂളിന് മുൻപിലായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടിന് സമീപത്തായ മഞ്ഞ കാഴ്ചയായി കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്. ബാന്‍ഡ് സംഘവും വെടിക്കെട്ടുമായാണ് നെയ്മറിന്‍റെ കട്ടൗട്ട് ഉയര്‍ത്തിയത്. ഒരു ശതമാനം ചാൻസുണ്ടെങ്കിൽ അതിൽ ഞങ്ങൾക്ക് 99  ശതമാനം വിശ്വാസം നൽകാൻ കഴിവുള്ളവരാണ് ബ്രസീൽ ടീമെന്ന നെയ്മറിൻ്റെ ബ്രസീലിയൻ ഭാഷയുള്ള ടാഗ് ലൈനിൻ്റെ ഇംഗ്ലീഷ് പരിഭാഷയോടെയാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.

15 പ്ലൈവുഡ് ഷീറ്റുകളും അഞ്ഞൂറ് കോൽ റീപ്പർ, ആറ് കവുങ്ങുകൾ, 14 കിലോഗ്രാം ആണി തുടങ്ങിയ ഉപയോഗിച്ച് പത്ത് ദിവസത്തെ അധ്വാനത്തിലാണ് നെയ്മറുടെ കട്ടൗട്ട് നിർമ്മിച്ചത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വലിയ കട്ടൗട്ട് തയ്യാറാക്കിയത്. സുനിലിന്‍റെ നേതൃത്വത്തിൽ റഫീഖ്, രാഹുൽ എന്നിവർ കട്ടൗട്ട് യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ബ്രസീൽ ഫാൻസ് കൂട്ടായ്മ അംഗങ്ങളായ സഹൽ, നാഫി, താഹിർ, അഷ്ക്കർ, സുഹൈൽ, ഖാൻ എന്നിവർ നേതൃത്വം നൽകി. ഏഷ്യയിൽ വിരുന്നെത്തിയ ലോകകപ്പിൽ നെയ്മർ ജൂനിയറിലുടെ കാനറികൾ കപ്പുയർത്തുമെന്ന് പരപ്പൻ പൊയിലിലെ ബ്രസീൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

നേരത്തെ  പരപ്പൻപൊയിലില്‍ സ്ഥാപിച്ച പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് അര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here