ബിരിയാണി ഇഷ്ടവിഭവമായിട്ടുള്ള നിരവധി പേരുണ്ട്. ഇഷ്ടവിഭവമായതിനാല്‍ തന്നെ ബിരിയാണിയെ ചൊല്ലി തര്‍ക്കങ്ങളുണ്ടാകുന്ന സംഭവങ്ങളും പലപ്പോഴും നാം കാണാറുണ്ട്. എന്നാല്‍ തര്‍ക്കങ്ങളില്‍ കവിഞ്ഞ് അത് വലിയ രീതിയിലുള്ള വഴക്കിലേക്കും കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും വരെ എത്തുന്ന കാഴ്ചകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നത് തന്നെയാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ദാരുണമായ സംഭവമുണ്ടായത് കാര്യമായ രീതിയിലാണ് വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. ചെന്നൈയില്‍ ബിരിയാണി പങ്കിട്ട് നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയും ഭര്‍ത്താവും തീ കൊളുത്തി മരിച്ചുവെന്നതായിരുന്നു സംഭവം.
എഴുപത്തിനാലുകാരനായ ഭര്‍ത്താവ് ഭാര്യക്ക് നല്‍കാതെ വീട്ടില്‍ കൊണ്ടുവന്ന് ബിരിയാണി കഴിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. തനിക്കും ബിരിയാണി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വഴക്ക് തുടങ്ങുകയും ഇത് പിന്നീട് ഏറെ ഗൗരവതരമായ രീതിയിലേക്ക് വഴിമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ പിടി വിടാതെ കെട്ടിപ്പിടിക്കുകയും ഇരുവരും മരിക്കുകയും ചെയ്യുകയായിരുന്നു.
ദാരുണമായ ഈ സംഭവത്തിന് ശേഷം ഇന്നിതാ ബിരിയാണിയുടെ പേരിലുള്ള മറ്റൊരു അനിഷ്ടസംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.
ഗ്രേറ്റര്‍ നോയിഡയിലെ അൻസല്‍ പ്സാസയിലുള്ള ഒരു റെസ്റ്റോറന്‍റില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണി വൈകിയതിന്‍റെ പേരില്‍ റെസ്റ്റോറന്‍റ് ജീവനക്കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്.
ആദ്യം മൂന്ന് പേരും ഭക്ഷണം കാത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ മാത്രം എഴുന്നേറ്റുവന്ന് ജീവനക്കാരനെ അടിക്കുകയായിരുന്നു. ശേഷം പിന്നീട് മറ്റ് രണ്ട് പേരും കൂടി ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രവേശ്, മനോജ്, ക്രെസ് എന്നിവരാണ് സംഭവത്തില്‍ പ്രതികളെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മൂന്ന് പേരും ചിക്കൻ ബിരിയാണി ആണത്രേ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബിരിയാണി എത്താനെടുത്ത സമയം കൊണ്ട് അക്ഷമനായ പ്രവേശ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരും മര്‍ദ്ദനത്തില്‍ പങ്കാളികളായത്. അല്‍ത്താഫ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.
#WATCH | Greater Noida, UP: The staff of a private restaurant in Ansal mall was thrashed for a delay in their order. All three accused, residents of Dadri were arrested & were sent to jail: ADCP Vishal Pandey (10.11) pic.twitter.com/Uxn6igGQUQ
— ANI UP/Uttarakhand (@ANINewsUP) November 11, 2022