ഉംറയ്ക്കായി സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മക്കയിലേക്ക്

0
389

ചെന്നൈ: ഉംറ നിര്‍വഹിക്കാനായി പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മക്കയിലേക്ക് പുറപ്പെട്ടു. ഇഹ്‌റാം വേഷം ധരിച്ച് വിമാനത്തിൽ ഇരിക്കുന്ന ചിത്രം യുവാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

കോവിഡ് വ്യാപനത്തിനു ശേഷം 2021 ആഗസ്തിലാണ് സൗദി ഉംറ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ മകന്‍ കൂടിയായ യുവാന്‍ 2014ലാണ് ഇസ്‍ലാം മതം സ്വീകരിക്കുന്നത്. തൊട്ടുപിന്നാലെ 2015ൽ സഫ്രുൺ നിസാർ എന്ന യുവതിയെ വിവാഹം കഴിച്ചു. യുവാന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. നിസാറിനെ വിവാഹം കഴിക്കാനാണ് യുവാന്‍ മതം മാറിയതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഗോസിപ്പുകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

പിന്നീട് 2020ല്‍ ഒരു ആരാധകന്‍റെ ഒരു ചോദ്യത്തിനു മറുപടിയായി മതംമാറ്റത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇസ്‍ലാം മതം സ്വീകരിച്ചത് ഒരു നീണ്ട യാത്രയാണെന്നായിരുന്നു യുവാന്‍റെ മറുപടി. 2011ല്‍ അമ്മയുടെ മരണത്തിനു ശേഷം താന്‍ മാനസികമായി ഒറ്റപ്പെട്ടുവെന്നും തകര്‍ന്നിരുന്ന ആ സമയത്ത് ഒരു സുഹൃത്ത് ഒരു മുസല്ല സമ്മാനമായി നല്‍കി. വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഈ മുസല്ലയിൽ ഇരുന്ന് ധ്യാനിക്കുന്ന പതിവുണ്ടായിരുന്നുവെന്നും യുവാന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here