കശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. കെട്ടിച്ചമച്ച ജല്പനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമാണെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെടിജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങളാണ് നേരത്തെ വന്‍ വിവാദമായത്. ‘പാക് അധീന കശ്മീര്‍’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..
കെട്ടിച്ചമച്ച ജല്‍പ്പനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രം. എന്തൊക്കെയായിരുന്നു പുകില്‍. പോലീസ് നടപടി ഭയന്ന് ജലീല്‍ ഡല്‍ഹി വിട്ടോടി! ജലീലിനെ കുരുക്കാന്‍ ഡല്‍ഹി പോലീസ് വലവീശി! ഇക്കുറി ജലീല്‍ അകത്താകും! ജലീല്‍ രാജ്യദ്രോഹിയോ? അങ്ങിനെ എന്തൊക്കെ തലക്കെട്ടുകള്‍. അവസാനം ഡല്‍ഹി പടക്കവും ചീറ്റിപ്പോയി.
പ്രതിഫലം പറ്റാതെ കോടതിയില്‍ സഹായിച്ച കുറ്റിപ്പുറം സ്വദേശി സഖാവ് രാംദാസേട്ടന്റെ മകനും എസ്എഫ്‌ഐ നാഷണല്‍ കമ്മിറ്റി മുന്‍ അംഗവും അനുജ സഹോദര സുഹൃത്തുമായ അഡ്വ: സുഭാഷ് ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.