ജാതിപഞ്ചായത്തിന്റെ വിവാദ തീരുമാനത്തില്‍ വെട്ടിലായി രാജസ്ഥാന്‍ സര്‍ക്കാര്‍. രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് കരാറെഴുതാന്‍ തീരുമാനമെടുത്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം കത്തുന്നത്.
പണമിടപാട് തീര്‍ക്കാന്‍ എട്ട് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് നല്‍കണമെന്നായിരുന്നു നിര്‍ദേശം. കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത്ത് നിര്‍ദേശിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
ഇത്തരത്തില്‍ ലേലത്തിന് വെക്കുന്ന പെണ്‍കുട്ടികളെ യുപി, മധ്യപ്രദേശ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇവരെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 26നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവിടങ്ങളില്‍ രണ്ട് പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പോലീസിനെ സമീപിക്കുന്നതിന് പകരം തീര്‍പ്പാക്കുന്നത് ജാതിപഞ്ചായത്തുകളാണ്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചു.
ഇതിന് പുറമെ വിശദറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കമുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമ വാര്‍ത്ത ശരിയാണെങ്കില്‍ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.