വൃക്ക രോഗം മൂലം പൊലിഞ്ഞത് 99 കുരുന്നു ജീവനുകള്‍; ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും നിരോധിച്ചു

0
283

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

കഫ് സിറപ്പുകള്‍ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങള്‍ കാരണം ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് ബുധനാഴ്ച നിരോധനം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ന് വരെ, 20 പ്രവിശ്യകളില്‍ നിന്ന് 206 കേസുകളില്‍ 99 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനാല്‍, മുന്‍കരുതലെന്ന നിലയില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ നിര്‍ദേശിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്, ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് സഹ്രില്‍ മന്‍സൂര്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു.

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍മിച്ച ഇന്ത്യന്‍ കമ്പനി കരിമ്പട്ടിരുന്നു. ഇതുസംബന്ധിച്ച് ഗാംബിയന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്തോനേഷ്യയിലും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാംബിയയില്‍ കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് പ്രദേശികമായി വില്‍ക്കപ്പെടുന്നില്ലെങ്കിലും അതുമായ ബന്ധപ്പെട്ട ചേരുവകള്‍ക്ക് സാധ്യതയുള്ള എല്ലാ ചൈല്‍ഡ് മെഡിസിനല്‍ സിറപ്പുകളും നിരോധിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരി മുതലാണ് ഇന്തോനേഷ്യയില്‍ വൃക്കരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓഗസ്റ്റ് അവസാനം മുതല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും മന്ത്രാലയം അറിയിച്ചു.

65 ശതമാനം കേസുകളും ജക്കാര്‍ത്തയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചിട്ടുള്ളത്,’ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, ഹരിയാന കേന്ദ്രീകൃതമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകള്‍ക്കാണ് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

നേരത്തെ കമ്പനിയുടെ മരുന്നുകളുടെ ഗുണമേന്മ പരിശോധന നടത്തിയതില്‍ വ്യപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ കഫ് സിറപ്പില്‍ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here