സ്കൂൾ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. പഠനയാത്രയുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകണം. യാത്രയ്ക്ക് മൂന്ന് ദിവസം മാത്രമേ ഉപയോഗിക്കാവൂ. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.
രക്ഷിതാക്കൾ സമ്മതപത്രം നൽകണം. ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങൾ മാത്രം പാലിക്കുന്ന വാഹനങ്ങൾ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ല. യാത്ര തുടങ്ങുന്നതിന് മുൻപ് ആർടിയെ വിവരം അറിയിക്കണം. രാത്രയാത്ര പാടില്ല. പൊലീസ് സ്റ്റേഷനിൽ വാഹനത്തെക്കുറിച്ച് റിപ്പോർട്ട് നൽകണം.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പുതുക്കിയ നിർദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയത്.