യു എ ഇയിൽ കനത്ത മൂടൽമഞ്ഞ് പിടിമുറുക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് വ്യാപകമായി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്.
രാത്രി മുതൽ നേരം പുലരുന്നത് വരെയാണ് യു എ ഇ യുടെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞിന്‍റെ പിടിയിലമരുന്നത്. രാവിലെ നേരത്തേ ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നവർക്ക് വലിയ വെല്ലുവിളിയാണ് കാഴ്ചയെ മറയ്ക്കുന്ന മൂടൽമഞ്ഞ്. ഇന്ന് രാവിലെയും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
അബൂദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച തീരെ കുറക്കുന്ന ഇത്തരം മൂടൽമഞ്ഞ് പലപ്പോഴും വലിയ വാഹനാപകടങ്ങൾക്ക് വഴി വെക്കാറുണ്ട് എന്നതിനാൽ ഇത്തരം സമയങ്ങളിൽ കനത്ത ജാഗ്രത വേണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പൊലീസും മുന്നറിയിപ്പ് നൽകുന്നു. ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെയും യു എ ഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. അബൂദബി മുതൽ റാസൽഖൈമവരെ എല്ലാ എമിറേറ്റിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാവിലെ മൂടൽമഞ്ഞുണ്ടെങ്കിലും വേനൽ പിന്നിട്ട് രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല.