‘മുസ്‌ലിംകൾ മാലിന്യ നിർമാർജനത്തിൽ ശ്രദ്ധിക്കുന്നില്ല’; പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്, ഒടുവിൽ ഖേദപ്രകടനം

0
260

എറണാകുളം: മുസ്‌ലിംകൾ മാലിന്യ നിർമാർജനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. എറണാകളും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് ആണ് പള്ളി ഖത്വീബിന് കത്ത് നൽകിയത്. സിപിഎം ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

”വ്യക്തി ശുചിത്വത്തിനും ഗാർഹിക ശുചിത്വ പരിപാലനത്തിനും വളരെയധികം പ്രാധാന്യം കൽപ്പിക്കുകയും ശുചിത്വം വിശ്വാസത്തിന്റെ അനിവാര്യഘടകവുമായ മുസ്‌ലിം സമൂഹം പരിസര മലിനീകരണ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് പുലർത്തിപ്പോരുന്നത്. മനുഷ്യജീവനും പരിസ്ഥിതിക്കും ദോഷകരമായ പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിട്ടുള്ള ലോകത്തിലെ ഏക മതമാണ് ഇസ് ലാം. വസ്തുത ഇതായിരിക്കെ സമുദായ അംഗങ്ങൾ മാലിന്യ സംസ്‌കരണരംഗത്ത് പഞ്ചായത്തിനോട് കാണിക്കുന്ന നിസ്സഹകരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരടക്കം ജനപ്രതിനിധികളെയും വേദനിപ്പിക്കുന്നതാണ്. ആയതിനാൽ മഹല്ലിന് നേതൃത്വം നൽകുന്ന അങ്ങ് വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മഹല്ല് അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനും യൂസർഫീ നൽകി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റിനോട് പൊതുജനങ്ങൾ സഹകരിക്കുന്നതിനും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രതിരോധ മനുഷ്യ ചങ്ങലയിൽ എല്ലാ മഹല്ല് അംഗങ്ങളെയും പങ്കെടുപ്പിക്കാൻ നടപടികൾ സ്വീകരിക്കണം”- കത്തിൽ പറയുന്നു.

കത്ത് വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു. ”ഗ്രാമപഞ്ചായത്തിൽനിന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നൽകിയ കത്തിൽ തെറ്റായ രീതിയിലുള്ള പരാമർശമുണ്ടായത് ഒരു വിഭാഗത്തെ മനപ്പൂർവം വേദനിപ്പിക്കുന്നതിന് വേണ്ടി ആയിരുന്നില്ല. മറിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണത്തിന് വേണ്ടി പള്ളികളിൽ ഒരു ബോധവൽക്കരണം ഖുതുബ പ്രസംഗത്തിനിടയിൽ സൂചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ആയത് മുസ് ലിം സമൂഹം അനാസ്ഥ കാണിക്കുന്നുവെന്ന് തെറ്റായി പരാമർശിക്കപ്പെട്ടതിൽ എല്ലാവരോടും നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു”-പഞ്ചായത്ത് പ്രസിഡന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here