മന്ത്രവാദത്തിന്‍റെ പേരില്‍ മോഷണം; പണം നഷ്ടമായത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിച്ചു, പയ്യോളിയിൽ ഉപ്പള സ്വദേശിക്കെതിരെ കേസ്

0
242

കോഴിക്കോട്: ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിൽ വീട്ടിലെത്തിയ ആൾ സ്വർണവും പണവുമായി മുങ്ങി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മദ്രസ അധ്യാപകന്റെ വീട്ടിലെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് അധ്യാപകന് നഷ്ടപ്പെട്ടത്.

കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും തട്ടിയെടുത്തതെന്നാണ് പരാതി. ഇത് സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മന്ത്രവാദത്തിലൂടെ ചികിത്സയെന്ന പേര് പറഞ്ഞാണ് മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്റെ അടുത്ത് എത്തിയത്. പിന്നീട് ഇയാൾ സ്വർണവും പണവുമായി മുങ്ങി. സ്വർണവും പണവും നഷ്ടപ്പെടാൻ കാരണം ചാത്തൻ സേവയാണെന്നും അധ്യാപകനെയും കുടംബത്തെയും വിശ്വസിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.

നാല് മാസം മുൻപാണ് ഷാഫിയും മദ്രസാധ്യാപകനും പരിചയപ്പെടുന്നത്. ഈ സമയത്ത് മദ്രസാധ്യാപകന് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രയാസത്തിലുമായിരുന്നു. ഷാഫി മന്ത്രവാദിയാണെന്ന പേരിൽ പയ്യോളിയിൽ താമസിച്ച് മദ്രാസാധ്യാപകന് ചികിത്സയും മറ്റ് കാര്യങ്ങളും നടത്തി. സെപ്തംബർ 22 ന് മദ്രസ അധ്യാപകന്റെ വീട്ടിൽ കയറി. നിസ്കരിക്കാനെന്നായിരുന്നു പറഞ്ഞത്.

പിന്നീട് ഷാഫി തന്നെ മദ്രസാധ്യാപകനെ ഫോണിൽ ചാത്തൻസേവയിലൂടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. എന്നാലിത് അദ്ദേഹം കാര്യമായെടുത്തില്ല. പണവും സ്വർണവും സൂക്ഷിച്ചിരുന്ന പെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് അധ്യാപകൻ തുറന്നത്. ഷാഫി പറഞ്ഞതുപോലെ പണവും സ്വർണവും നഷ്ടമായെന്ന് അറിഞ്ഞ് വീണ്ടും ഷാഫിയെ വിളിച്ചു. ചാത്തൻസേവയിലൂടെ തന്നെ പണവും സ്വർണവും തിരികെ വരുമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് കുടുംബത്തിന് അമളി മനസിലായി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഷാഫിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here