മംഗൽപാടിയിൽ നാടാകെ മാലിന്യം; കണ്ണും മൂക്കും പൊത്താതെ വയ്യ, പ്രതിഷേധം പേരിന്

0
224

ഉപ്പള : നഗരങ്ങളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിലെ റോഡരികുകളും ഇപ്പോൾ മാലിന്യകേന്ദ്രമാകുകയാണ്. പത്വാടി റോഡ്, കൈക്കമ്പ, ബപ്പായിത്തൊട്ടി റോഡ് തുടങ്ങിയ ഗ്രാമീണറോഡുകളും ഇടവഴികളും ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി വഴിയോരങ്ങളിൽ തള്ളുന്നത് പതിവാണ്. ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പാതയോരങ്ങളിൽ നിറഞ്ഞതോടെ പലയിടങ്ങളിലും തെരുവുനായ ശല്യവും കൂടി. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ഉപ്പള ബസ്‌സ്റ്റാൻഡിന് സമീപം കുഴിയെടുത്തപ്പോൾ മലിനജലം തളം കെട്ടി നിൽക്കുകയാണ്. ദുർഗന്ധം കാരണം കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്..

പ്രതിഷേധം പേരിന്

ഒരുകാലത്ത് മംഗൽപ്പാടിയിൽ മാലിന്യപ്രശ്നം രാഷ്ട്രീയ പ്രശ്‌നമായി മാറിയിരുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ, ജനകീയവേദി, പൗരസമിതി തുടങ്ങിയ സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധമുയരുമ്പോൾ മാത്രം താത്കാലിക പരിഹാരം കണ്ടെത്തി അധികൃതർ തലയൂരി. മഞ്ചേശ്വരം താലൂക്ക് വികസനസമിതിയിലും മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യപ്രശ്നം പല തവണ ചർച്ചയായി. അതിനിടയിൽ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പൊരിഞ്ഞ ചർച്ചകളും നടന്നു. ഇപ്പോൾ തെരുവു നീളെ മാലിന്യം കുമിഞ്ഞുകൂടുമ്പോൾ പ്രതിഷേധങ്ങൾ തണുത്ത മട്ടിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here