പോപ്പുലര്‍ ഫ്രണ്ടുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം; എന്‍.ഐ.എ റിപ്പോര്‍ട്ട്

0
205

തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പട്ടികയിലുള്ള പൊലീസുകാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുളളത്.

സംസ്ഥാന പൊലീസ് സേനയുടെ നീക്കങ്ങള്‍ പരിശോധനകള്‍, മറ്റു വിവരങ്ങള്‍ എന്നിവ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. പട്ടികയിലുളള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്.ഐമാര്‍, എസ്.എച്ച്.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്.

അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്.

പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ അവരുടെ രാഷ്ട്രീയ നേതൃത്വമെന്ന് പറയപ്പെടുന്ന എസ്.ഡി.പി.ഐയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവക്കുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ എസ്.ഡി.പി.ഐ ഉള്‍പ്പെട്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here