ദില്ലി: ഗുരുഗ്രാമിൽ മസ്ജിദിനെ അക്രമിച്ച് നശിപ്പിക്കുകയും നമസ്കരിക്കാനെത്തിയവരെ അടിച്ചോടിക്കുകയും ചെയ്ത സംഭവത്തിൽ നിരവധിപേർക്കെതിരെ കേസെടുത്ത് പൊലീസ്. ഗുരുഗ്രാമിലെ ഭോര കലൻ മേഖലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്തെ ചിലര്‍ അക്രമികൾ ഒരു പ്രാദേശിക പള്ളി നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ്‌ഐആറിൽ പറയുന്നു. അക്രമികൾ മസ്ജിദ് ഗേറ്റ് പൂട്ടി ഓടി രക്ഷപ്പെട്ടു. നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണ് ഭോര കലനിൽ താമസിക്കുന്നതെന്ന് പൊലീസിൽ പരാതി നൽകിയ സുബേദാർ നാസർ മുഹമ്മദ് പറഞ്ഞു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച അദ്ദേഹവും കൂടെയുള്ളവരും പള്ളിയിൽ നമസ്‌കരിക്കുമ്പോൾ ചിലർ അകത്ത് കയറി ആക്രമിക്കുകയായിരുന്നുവെന്നും പ്രദേശം വിടാൻ അക്രമികൾ ഭീഷണിപ്പെടുത്തിയതായും മുഹമ്മദ് പറഞ്ഞു. ഐപിസി സെക്ഷൻ 295-എ, 323, 506, 147, 148 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. രാജേഷ് ചൗഹാൻ, അനിൽ ബദൗരിയ, സഞ്ജയ് വ്യാസ് എന്നീ മൂന്ന് പ്രതികളെ പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.