ലഖ്‌നൗ: രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂമിനെ നിയമവിരുദ്ധ മദ്‌റസയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് ഭരണകൂടം. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്‌റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമും ഉൾപ്പെട്ടിരിക്കുന്നത്. യു.പി ഭരണകൂടത്തിനു കീഴിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 307 മ്ദറസകളെക്കുറിച്ചുള്ള റിപ്പോർട്ട് ഭരണകൂടത്തിന് അയച്ചിട്ടുണ്ടെന്ന് സഹാറൻപൂർ ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫീസർ ഭരത് ലാൽ ഗോണ്ട് പ്രതികരിച്ചു. ദാറുൽ ഉലൂമും നിയമവിരുദ്ധ സ്ഥാപനമാണ്. സ്ഥാപനത്തിനു നൽകിവരുന്ന സ്‌കോളർഷിപ്പും മറ്റു പദ്ധതികളും പിൻവലിച്ചിട്ടുണ്ടെന്നും ഭാരത്‌ലാൽ അറിയിച്ചു.
സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സർവേ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ഥാപിതവർഷം, സ്ഥാപനനടത്തിപ്പുകാരായ സൊസൈറ്റി, പേര്, വരുമാനമാർഗം ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ജില്ലാ ഭരണകൂടം എന്തു തീരുമാനം കൈക്കൊണ്ടാലും അതിനനുസൃതമായി നിയമനടപടി സ്വീകരിക്കുമെന്നും ഭരത്‌ലാൽ ഗോണ്ട് കൂട്ടിച്ചേർത്തു.
റിപ്പോർട്ട് പ്രകാരം 754 മദ്‌റസകളാണ് സഹാറൻപൂർ ജില്ലാ ഭരണകൂടത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 664 സ്ഥാപനങ്ങളിൽ അഞ്ചാതരംവരെയാണ് ക്ലാസുള്ളത്. 80 എണ്ണത്തിൽ എട്ടാംതരവും ബാക്കി പത്താം തരവും വരെ ക്ലാസുകളുമുണ്ട്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കുമെന്ന് ഉത്തർപ്രദേശ് ഭരണകൂടം പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വിശദമായ സർവേ പുരോഗമിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റാണ് ഇതിനു നേതൃത്വം നൽകുന്നത്.