Friday, January 24, 2025
Home Latest news ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ദീപക് ചാഹർ കളിക്കില്ല

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ദീപക് ചാഹർ കളിക്കില്ല

0
286

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നാളെ രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ പേസര്‍ ദീപക് ചാഹറിന്റെ പിന്‍മാറ്റം. പരിശീലനത്തിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ ചാഹര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ഇതോടെ ചാഹറിന് പകരം ആദ്യ ഏകദിനത്തില്‍ കളിച്ച ആവേശ് ഖാന്‍ തന്നെ ടീമില്‍ തുടരും.

അതേമസമയം, സ്പിന്നര്‍ രവി ബിഷ്ണോയിക്ക് പകരം രണ്ടാം മത്സരത്തില്‍ ഷഹാബാസ് അഹമ്മദിന് അവസരം ലഭിച്ചേക്കും. ആദ്യ ഏകദിനത്തില്‍ ആദ്യ 20 ഓവറില്‍ 92 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന 20 ഓവറില്‍ 157 റണ്‍സാണ് വിട്ടുകൊടുത്തത്. തുടക്കത്തില്‍ നന്നായി എറിഞ്ഞ മുഹമ്മദ് സിറാജും അവസാനം റണ്‍സ് വഴങ്ങി.

ആറാം ബൗളറില്ലെന്നതും ഇന്ത്യക്ക് വലിയ തലവേദനയാണ്. ഇന്ത്യയുടെ ടോപ് സിക്സിലുള്ള ആറ് ബാറ്റര്‍മാരില്‍ രണ്ട് പേര്‍ വിക്കറ്റ് കീപ്പര്‍മാരും നാലു പേര്‍ ബാറ്റര്‍മാരുമാണ്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദിനോ ഇഷാന്‍ കിഷനോ ഒരാള്‍ക്ക് മാത്രമെ അവസരം ലഭിക്കാനിടയുള്ളു.

രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹറിനെ കളിപ്പിച്ച് ബൗളിംഗിലെ പോരായ്മകള്‍ പരിഹരിക്കാമെന്ന ശിഖര്‍ ധവാന്റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് പരിശീലനത്തിടെയേറ്റ പരിക്ക് മൂലം തിരിച്ചടിയേറ്റത്. ടി20 ലോകകപ്പിലെ സ്റ്റാന്‍ഡ് ബൈ താരമായ ചാഹര്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന പേസര്‍ കൂടിയാണ്. ഒക്ടോബര്‍ 15ന് മുമ്പ് മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെങ്കില്‍ ചാഹറിനെയോ മുഹമ്മദ് സിറാജിനെയോ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here