‘ടീമിനെ വിജയിപ്പിക്കണമെന്നുള്ള ചിന്ത സഞ്ജുവിനില്ലായിരുന്നു’; കടുത്ത വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം

0
297

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കനത്ത തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 63 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 86 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തോല്‍വിക്കിടയിലും സഞ്ജുവിന്റേത് മഹത്തായ ഇന്നിംഗ്‌സെന്ന് വാഴ്ത്തുന്നവരുണ്ട്. മറ്റുചിലരാവട്ടെ അല്‍പം കൂടി ഇച്ഛാശക്തിയോടെ കളിക്കണമായിരുന്നുവെന്ന് വിമര്‍ശിക്കുന്നവരാണ്.

രണ്ടാമത് പറഞ്ഞ കൂട്ടുത്തിലാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. സഞ്ജുവിന് ടോപ് ടീമുകള്‍ക്കെതിരെ കളിച്ചുള്ള പരിചയമില്ലാത്തതാണ് ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് അക്മല്‍ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ടീമിനെ വിജയിപ്പിക്കാനുള്ള ഇച്ഛാശക്തി തുടക്കം മുതല്‍ സഞ്ജു കാണിച്ചിരുന്നില്ല. ഒരുപാട് സമയമെടുത്ത ശേഷമാണ് സഞ്ജു സ്വതസിദ്ധമായമായ ശൈലിയിലേക്ക് വന്നത്. എന്നാല്‍ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ശരിയാണ് സഞ്ജു 86 റണ്‍സ് നേടി. എന്നാല്‍ ആദ്യത്തെ 30-35 പന്തുകളില്‍ വേഗത്തില്‍ റണ്‍സ് നേടാന്‍ സഞ്ജുവിനായില്ല. വലിയ ടീമുകള്‍ക്കെതിരെ കളിച്ച് പരിചയമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.” അക്മല്‍ വിശദീകരിച്ചു.

”ശ്രേയസ് അയ്യര്‍ തുടക്കം മുതല്‍ ടീമിനെ ജയിപ്പിക്കണമെന്ന് ലക്ഷ്യത്തോടെയാണ് കളിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അയ്യര്‍ക്കറിയാം. ശ്രേയസ് പുറത്തായില്ലായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.” അക്മല്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യക്ക് ജയിക്കാമായിരുന്ന മത്സരമായിരുന്നുവെന്നും അക്മല്‍. ”ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നു ലഖ്‌നൗവിലേത്. എന്നാല്‍ തുടക്കം പാളിപ്പോയി. റിതുരാജ് ഗെയ്കവാദിന്റെ ഇന്നിംഗ്‌സിന് ഒട്ടും വേഗം പോരായിരുന്നു. ഇഷാന്‍ കിഷനും വ്യത്യസ്തനല്ലായിരുന്നു. ഒരു ചുരുക്കിയ സാഹചര്യത്തില്‍ അല്‍പംകൂടെ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഇരുവരും ശ്രമിക്കണമായിരുന്നു.” അക്മല്‍ പറഞ്ഞു.

മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here