കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തോല്‍വിയിലും താരമായി ശശി തരൂര്‍

0
239

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെയുടെ വോട്ട് 8000 കടന്നു. തരൂരിന് 1072 വോട്ട് നേടാനായി. ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്.

2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. എഐസിസിയിലും പിസിസികളിലുമായി 67 പോളിംഗ് ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പുള്ളതായിരുന്നു. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here