കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രത്തിൻ്റെ ഉത്തരവ്

0
393

ദില്ലി: കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷയൊരുക്കുന്നത്. ഇവർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.

പിഎഫ്ഐ നിരോധനത്തിൻ്റെ പശ്ചാലത്തലത്തിൽ കൂടിയാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കൂടി ഉൾപ്പെട്ടവരാണ് എന്നാണ് വിവരം.

കേരളത്തിലെ ഒരു പിഎഫ്ഐ നേതാവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിഎഫ്ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്ക് സുരക്ഷ നൽകുന്നത്.

പതിനൊന്ന അർധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കൾക്ക് വൈ കാറ്റഗറിയിൽ ലഭിക്കുക. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കൾക്കും നിലവിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്.

അതേസമയം മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് പൊലിസ് ആസ്ഥാനത്ത് ചേരും. ക്രമസമാധാന ചുമതലയുള്ള എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പി.എഫ്.ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം, ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയുമായുളള യോഗത്തിന് മുമ്പ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു.

കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്ന നടപടി തമിഴ്നാട്ടിലും തുടരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്തു. ചെന്നൈ പുരസൈവാക്കത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ പൊലീസും എന്‍ഐഎയും റവന്യു ഉദ്യോഗസ്ഥരുമെത്തി പൂട്ടി മുദ്ര‍ വച്ചു. പിഎഫ്ഐയ്ക്കു സ്വാധീനമുള്ള കോയമ്പത്തൂർ മേഖലയിലെ നിരവധി ഓഫിസുകളും സീല്‍ ചെയ്തു. സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ  ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്താകെ അരലക്ഷത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here